2012, ഡിസംബർ 15, ശനിയാഴ്‌ച

മുപ്പത്തി രണ്ട്‌


'മുമ്പിയാള്‍ രത്‌നാകരനെന്ന
പെരും കള്ളനായിരുന്നു യുവറോണര്‍..'

ഭൂതകാലം ചികഞ്ഞും തെളിവുണ്ടാക്കുന്ന
പോലീസ് വിദ്യ മാനിഷാദ പറയുന്നേരം
വാല്‍മീകി ഓര്‍ത്തു കാണില്ല...

2012, ഡിസംബർ 6, വ്യാഴാഴ്‌ച

മുപ്പത്തൊന്ന്‌


കുളത്തിന് വെളിയില്‍ കരയെന്ന
വലിയൊരു ലോകമുണ്ടത്രെ....

കരയില്‍ പക്ഷെ, മീനിനെന്ത്..?

2012, നവംബർ 29, വ്യാഴാഴ്‌ച

മുപ്പത്‌


പത്രത്തില്‍ മരിച്ചവര്‍ക്കായി
ഒരു പേജുണ്ട്...
ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവരുടെ
തോന്നിവാസങ്ങള്‍ക്കാണത്രെ....

2012, നവംബർ 28, ബുധനാഴ്‌ച

ഇരുപത്തി ഒമ്പത്‌


'പെട്ടന്നൊരു സ്‌ഫോടനം..
പിന്നെയാണീ പ്രപഞ്ചം
ഇക്കാണും രൂപത്തിലായത്..'

അധ്യാപകന്റെ വാക്കുകളില്‍ നിന്ന്
കുട്ടികള്‍ ഇങ്ങനെ തെളിവെടുത്തു:
-അന്നും അല്‍ഖാഇദ ഉണ്ടായിരുന്നു-

2012, നവംബർ 26, തിങ്കളാഴ്‌ച

ഇരുപത്തി എട്ട്‌


കല്ലെറിഞ്ഞ് മാങ്ങയറുക്കാമെന്നോ..
ഞാനില്ല...
മാങ്ങയൊക്കെ അഛന്‍
ഫ്രൂട്ട്ബസാറില്‍ നിന്ന് വാങ്ങിവരും..

ഇരുപത്തിയേഴ്‌


പ്രതിമകളാകാനായിരുന്നോ
കഴിഞ്ഞകാലങ്ങളില്‍ ഇവരിത്രയും
പണിപ്പെട്ടത്..?

2012, നവംബർ 23, വെള്ളിയാഴ്‌ച

ഇരുപത്താറ്‌


ഡെസ്‌ക് ടോപ്പിലെ ആകാശത്ത് പക്ഷെ,
നക്ഷത്രങ്ങളില്ല..
അത്‌കൊണ്ടാവും അമ്പിളിമാമനെ വേണമെന്ന്
കുഞ്ഞുമോന് വാശി പിടിക്കാനാവാത്തത്...

2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഇരുപത്തിനാല്‌


കോലം കത്തിക്കല്‍ കഴിഞ്ഞു,പ്രകടനവും..

ജനാധിപത്യത്തിന്റെ അവശിഷ്ടം വാരാന്‍
ഇനി മുനിസിപ്പാലിറ്റിക്കാര്‍ വരണം..

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഇരുപത്തിമൂന്ന്‌



കെണിയില്‍ നിന്നും മാന്‍ രക്ഷപ്പെട്ട കഥ പറഞ്ഞ്
മാഷ് നിര്‍ത്തി.
സന്തോഷത്താല്‍ കുട്ടികളെല്ലാം കൈയടിച്ചു..,
വേടന്റെ മക്കളൊഴിച്ച്.
ഒട്ടിയ വയറുംതടവി അവരങ്ങനെ....

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഇരുപത്‌



ജീവിതമെന്നത് വരകള്‍ക്കുള്ളില്‍
ഒതുങ്ങുന്ന ഒന്നല്ല എന്ന് ടീച്ചര്‍ക്കറിയാഞ്ഞിട്ടാണോ..?

2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

പത്തൊമ്പത്‌


ഗാന്ധി ഗോദ്‌സെ
്അന്തരമെന്തെന്നധ്യാപകന്‍..

ഒരു ഹാര്‍ട്ട്, രണ്ട് കിഡ്‌ന്ി
ഡിഫറന്‍സൊന്നും കാണുന്നില്ലല്ലോ മാഷേ

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

പതിനെട്ട്‌


അവരെന്റെ നാവറുത്തിട്ടെന്നോട് പറഞ്ഞു
'കാലഘട്ടത്തിന്റെ തിന്‍മകള്‍ക്കെതിരെ
ഉച്ചത്തില്‍ തന്നെ ശബ്ദിച്ചേക്കണേ..'

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

പതിനേഴ്‌


വ്രണിച്ച പുറം തടവി ആണി പറഞ്ഞു,
ചുറ്റികയോടെന്തിന് ഞാന്‍ കെറുവിക്കണം..
ഞങ്ങള്‍ രണ്ടുപേരുടേതും രണ്ടു ദൗത്യമല്ലേ..?

2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

പതിനാറ്‌


ഷൈലോക്ക് പലിശ നിര്‍ത്തി പത്രവും ചാനലും തുടങ്ങി..
മാംസം തിന്നുന്ന പണി ഇപ്പോള്‍ എത്ര ആയാസരഹിതം!

2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

പതിനഞ്ച്‌


ആരോ മുന്‍കൂട്ടി ഉണ്ടാക്കിവെച്ച
നിയമങ്ങളും നിയന്ത്രണങ്ങളുമാണീ പാളങ്ങള്‍
അതനുസരിച്ച് ചലിക്കാന്‍ എന്നെക്കിട്ടില്ല..

അങ്ങനെ സ്വാതന്ത്രം പ്രഖ്യാപിച്ച
തീവണ്ടിയെയാണത്രെ
രക്ഷാസൈന്യം പുഴയില്‍ നിന്ന് പൊക്കിയെടുത്തത്..

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

പതിനാല്‌




്മഴ ചാറുമ്പോള്‍ അയലിലെ ഡ്രസ്സെടുക്കാന്‍
എന്നും അമ്മ മാത്രമെന്താണിങ്ങനെ ഓടുന്നത്..

അഛന്‍ സിറ്റൗട്ടിലിരിപ്പുണ്ടെങ്കിലും ,
ഡ്രസ്സെല്ലാം അഛന്റേതാണെങ്കിലും...

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

പതിമൂന്ന്‌



ഉള്ളിലൊഴുകിപ്പായുന്ന
മാലിന്യങ്ങളുടെ മഹാനദി
എത്ര സ്ലാബിട്ട് മറച്ചിട്ടെന്ത്...

എന്നെങ്കിലും എവിടെവെച്ചെങ്കിലും
അത് വെളിച്ചപ്പെടും..

2012, ജൂലൈ 26, വ്യാഴാഴ്‌ച

പന്ത്രണ്ട്‌


അവരെന്റെ കണ്ണ് ചൂഴ്ന്നു,
കാല് ചെത്തി, കയ്യറുത്തു...

ഇല്ലാത്ത അവയവങ്ങളിലേക്ക് നോക്കി
കോടതി ചിരിച്ചു..
'തെളിവുണ്ടോ?'

2012, ജൂലൈ 19, വ്യാഴാഴ്‌ച

പതിനൊന്ന്‌


ആരാണ് തക്കോല്‍?
ഞാനെങ്കില്‍ എന്താണ് ഞാന്‍ തുറക്കേണ്ടത്..
ആരാണ് പൂട്ട്?
ഞാനെങ്കില്‍ ആരാണെന്നെ തുറക്കേണ്ടത്..
അല്ല, രണ്ടും ഞാന്‍ തന്നെയല്ലേ..
എന്നെത്തുറക്കേണ്ടത് ഞാന്‍ തന്നെയല്ലേ...

2012, ജൂലൈ 16, തിങ്കളാഴ്‌ച

പത്ത്‌



കണക്കില്‍ പെടാത്തവന്റെ ഗണിതശാസ്ത്രം
ഗതിമുട്ടിയവന്റെ ജീവശാസ്ത്രം
ഇടം നഷ്ടമായവന്റെ ഭൂമിശാസ്ത്രം
- സിലബസില്‍ പെടാത്ത ചിലത്‌

2012, ജൂലൈ 6, വെള്ളിയാഴ്‌ച

ഒമ്പത്‌



കുടയുണ്ടായിട്ടെന്താ,
ദേഹം മൊത്തം നനഞ്ഞു!
എങ്കിലും മീതെ കുടയുണ്ട് എന്നത്
എന്തുമാത്രം ആശ്വാസമാണ്....

എട്ട്‌



ചിലപ്പോഴങ്ങിനെയാണ്
മുയലുറക്കം പിടിച്ചാല്‍
ആമ ജയിക്കുന്നു!

2012, ജൂൺ 20, ബുധനാഴ്‌ച

ഏഴ്‌




കൊടികളിലേക്ക് പറിച്ചുമാറ്റപ്പെട്ട നക്ഷത്രം ചോദിച്ചു..

ഇനിയീ പതാകവലുപ്പമാണോ എന്റെ ആകാശം..?

2012, ജൂൺ 19, ചൊവ്വാഴ്ച

2012, ജൂൺ 3, ഞായറാഴ്‌ച

അഞ്ച്‌


A,B,AB,O
രക്തഗ്രൂപ്പുകള്‍ പലതുണ്ടെന്ന് ടീച്ചര്‍

ഗ്രൂപ്പ് തിരിഞ്ഞ് രക്തം ചിന്തരുതെന്ന്
പക്ഷെ ടീച്ചര്‍ പറഞ്ഞില്ല.

2012, മേയ് 28, തിങ്കളാഴ്‌ച

നാല്‌


ആ .. അവന്‍ ഒമ്പതീന്ന് ജയിച്ചു..
ഇപ്പോ.. പത്തീക്കാ..


ഇല്ലമ്മേ ജയിച്ചതൊക്കെയും പാഠപുസ്തകങ്ങളായിരുന്നു...

2012, മേയ് 20, ഞായറാഴ്‌ച

മൂന്ന്‌



ഒച്ചവെച്ചതിനാണത്രെ
ചീവീട് കൊല ചെയ്യപ്പെട്ടത്..

ശ്.. മിണ്ടാതിരി ..
ഒരുപക്ഷേ അവര്‍ നമ്മേയും..

2012, മേയ് 13, ഞായറാഴ്‌ച

രണ്ട്‌


അറിഞ്ഞോ ., പുഴക്കരയില്‍
ഒരു ശവം പൊന്തി..

പാര്‍ട്ടിക്കാര്‍ കരിങ്കൊടി കെട്ടാന്‍ പോയി..
ശേഷം അനുശോചനയോഗം ഉണ്ട്
മസ്റ്റ് പാര്‍ട്ടിസിപേറ്റ്

പുഴക്കരയില്‍ ഇപ്പോഴും കിടപ്പുണ്ട് ആ ശവം
ചീര്‍ത്ത്.. ദുര്‍ഗന്ധം പരത്തി..

2012, മേയ് 6, ഞായറാഴ്‌ച

ഒന്ന്‌


പുറത്ത് മഴ പെയ്യാറുണ്ടത്രെ
കാറ്റും ഇടിയും മിന്നലും..

കൂട്ടുകാര്‍ പറഞ്ഞതാണ്..

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍